കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിന് സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ക്കെതിരേ വിജിലന്‍സ് കേസ്. മട്ടാഞ്ചേരി അഡീഷണല്‍ കമ്മീഷണര്‍ ഓഫ് സ്റ്റേറ്റ് ടാക്സ് ഓഡിറ്റ് ഓഫീസിലെ സ്റ്റേറ്റ് ടാക്സ് ഓഫീസറായിരുന്ന ഇടപ്പള്ളി ചങ്ങമ്പുഴ സമാധിറോഡില് താമസിക്കുന്ന എം.ജി. ബാലഗോപാലിന്(48) എതിരേയാണ് എറണാകുളം വിജിലന്‍സ് സ്പെഷല്‍ സെല്‍ കേസെടുത്തത്.
മട്ടാഞ്ചേരി ഓഫീസില്‍ ജോലി ചെയ്തിരുന്ന ബാലഗോപാല്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ജിഎസ്ടി വകുപ്പില്‍ ജോലി ചെയ്തിരുന്ന കാലയളവില്‍ വിവിധ വസ്തു വകകള്‍ ഉള്‍പ്പെടെ 76,03,627 രൂപയുടെ മുതലുകള്‍ ബാലഗോപാല്‍ സമ്പാദിച്ചിട്ടുണ്ടെന്നും ഇതില്‍ 23,46,652 രൂപയുടെ വരവില്‍ കവിഞ്ഞ സ്വത്തുക്കളാണെന്നും വിജിലന്‍സ് കണ്ടെത്തി.
കേസുമായി ബന്ധപ്പെട്ട് ഇന്നലെ എറണാകുളം മറൈന്‍ഡ്രൈവില്‍ ഇയാള്‍ നിലവില്‍ താമസിക്കുന്ന സ്ഥലത്ത് നടത്തിയ പരിശോധനയില്‍ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു. ഇവ പരിശോധിച്ചുവരികയാണ്.